ഒരുതുള്ളി വെള്ളമില്ല... ഭക്ഷണമില്ല... ചുട്ടുപഴുക്കുന്ന വെയിലിലും കൊടുംമഞ്ഞിലും മലമുകളിലെ പാറയിടുക്കിൽ രണ്ട് രാത്രിയും പകലും കഴിച്ചുകൂട്ടിയ ബാബുവിന് തുണയായത് തളരാത്ത മനോവീര്യം. 
അടുത്തുവരെയെത്തിയ രക്ഷാപ്രവർത്തനങ്ങളെല്ലാം ഓരോന്നായി പരാജയപ്പെടുമ്പോഴും ബാബു ധൈര്യം കൈവിട്ടില്ല. മലയിടുക്കിൽ അകപ്പെട്ട ഘട്ടംമുതൽ ഓരോ നിമിഷവും അവസരോചിതമായി പ്രവർത്തിക്കാനുള്ള മനസ്സും ബാബുവിനു തുണയായി.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബു പാറക്കെട്ടിൽ കുടുങ്ങുന്നത്. കൈയിലുണ്ടായിരുന്ന ഫോണിൽനിന്ന് ബാബുതന്നെയാണ് അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. കുടുങ്ങിയ സ്ഥലം ഉൾപ്പെടെ സെൽഫിയെടുത്ത് ഫോട്ടോകളും കൈമാറി. 

രാത്രിയോടെ രക്ഷാസംഘം ബാബുവിന് അരികിലെത്തിയെങ്കിലും പരസ്പരം കണ്ടില്ല. എങ്കിലും രക്ഷാപ്രവർത്തകരുടെ ശബ്ദംകേട്ട് ഉറക്കെ നിലവിളിച്ച് പ്രതികരണം അറിയിച്ചു. ജീവന് ഒന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതിലൂടെ കഴിഞ്ഞു. 

ആദ്യദിവസം ഇരുട്ട് വീണതോടെ, മൊബൈൽ ഫോണിലെ ടോർച്ച്  തെളിയിച്ച് മലമുകളിൽ താനിരിക്കുന്ന സ്ഥലം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബാബുവിന് സാധിച്ചു. മൊബൈൽ ഫോൺ ചാർജ് തീരുന്നതുവരെ ഇത് തുടർന്നു.

വന്യമൃഗങ്ങൾക്ക് കയറാനാവാത്ത ചെറിയ മലയിടുക്കിൽ പൊത്തിപ്പിടിച്ചിരുന്ന ബാബു, രക്ഷാപ്രവർത്തനം പരാജയപ്പെടുമ്പോഴും താഴെയിറങ്ങാനോ മറ്റു സാഹസങ്ങൾക്കോ മുതിർന്നില്ല. ചൊവ്വാഴ്ച ഹെലികോപ്റ്റർ വഴി രക്ഷാപ്രവർത്തനം നടത്തുമ്പോൾ, അവശനാണെങ്കിൽപ്പോലും ഷർട്ടൂരി വീശിക്കാണിച്ച് സാന്നിധ്യമറിയിച്ചു.

പ്രായം കുറവാണെന്നതും ശാരീരികക്ഷമതയുള്ളതും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിച്ചു. നിർജലീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാൻ ബാബുവിന് കഴിഞ്ഞത് ഇതുകൊണ്ടായിരിക്കാമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ശരീരം അനങ്ങുന്നില്ലെന്നതിനാൽ, 24 മണിക്കൂറിലധികം ഊർജം നിലനിർത്താനും കഴിഞ്ഞു. 
മലമ്പുഴ ചെറാട് സ്വദേശിയായ ബാബുവിന് പത്രവിതരണമാണ് ജോലി. അടുത്തകാലത്തായി ഹോട്ടലിലും ജോലിനോക്കിവരുന്നു. 
 

To advertise here,