ഒട്ടേറെ സന്ദിഗ്ധതകൾക്കും തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ്‌ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായത്‌. അതോടെ തത്‌കാലം ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിഞ്ഞെന്നത്‌ ആശ്വാസകരമാണ്‌. എന്നാൽ, ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനം നല്ലപ്രവണതയല്ല. പൊതുഭരണവകുപ്പ്‌ സെക്രട്ടറിയെ ആ വകുപ്പിൽനിന്നു മാറ്റിക്കൊണ്ടുള്ള ഒരു ‘ഒത്തുതീർപ്പുഫോർമുല’ ഇതിനായി സർക്കാർ മുന്നോട്ടുവെച്ചതായി വാർത്തകളിൽ കാണാനിടയായി. ഏതായാലും നയപ്രഖ്യാപനത്തിൽ ഒപ്പിടുന്നതിന്‌ എന്തെങ്കിലും ഉപാധിവെക്കാനോ, അത്തരം ഉപാധികൾ നടപ്പാക്കണമെന്ന്‌ ശഠിക്കാനോ ഗവർണർക്ക്‌ അധികാരമില്ല.ഭരണഘടനയുടെ 163-ാം അനുച്ഛേദമനുസരിച്ച്‌ മന്ത്രിസഭയുടെ തീരുമാനങ്ങളും ഉപദേശങ്ങളും അനുസരിച്ച്‌ പ്രവർത്തിക്കാൻ ഗവർണർക്ക്‌ ബാധ്യതയുണ്ട്‌. നയപരമായ കാര്യങ്ങളിൽ മന്ത്രിസഭാ തീരുമാനത്തെ അപ്പടി അംഗീകരിക്കാൻമാത്രമേ ഗവർണർക്ക്‌ അധികാരമുള്ളൂ എന്ന്‌ ഷംസീർസിങ്ങിന്റെ കേസിൽ (1974) സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ വ്യക്തമാക്കിയതാണ്‌. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മറ്റും എതിരേയുള്ള ക്രിമിനൽ പ്രോസിക്യൂഷൻ അനുമതിപോലുള്ള ചുരുക്കം ചില കാര്യങ്ങളിൽ മാത്രമാണ്‌ ഗവർണർക്ക്‌ വിവേചനാധികാരമുള്ളത്‌. (മധ്യപ്രദേശ്‌ സ്പെഷ്യൽ പോലീസ്‌ എസ്റ്റാബ്ളിഷ്‌മെന്റ്‌ കേസ്‌, 2004). നയപ്രഖ്യാപനം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരവും ബാധ്യതയുമാണ്‌. അതിനൊപ്പം നിൽക്കാനും അത്‌ അംഗീകരിക്കാനും മാത്രമേ ഗവർണർക്ക്‌ കഴിയൂ. അക്കാര്യത്തിൽ എന്തെങ്കിലും വിസമ്മതം താത്‌കാലികമായിപ്പോലും പ്രകടിപ്പിക്കാൻ ഗവർണർക്ക്‌ അധികാരമില്ല. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചാൽ ഗവർണരുടെ നടപടി ഭരണഘടനാവിരുദ്ധമാകും എന്നതിൽ ഒരു സംശയവുമില്ല. സ്വാഭാവികമായി നടക്കേണ്ട ഭരണഘടനാപരമായ ദൗത്യങ്ങളെ വിവാദവിഷയമാക്കുന്നത്‌ അഭിലഷണീയവുമല്ല. യഥാർഥത്തിൽ ഇന്ത്യയുടെ ഭരണഘടനാ പശ്ചാത്തലത്തിൽ ഗവർണർക്ക്‌ കാര്യമായ അധികാരങ്ങളൊന്നും കൈയാളാനില്ലെന്ന്‌ ഡോ. അംബേദ്‌കർതന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അന്ധ്ര സർവകലാശാലയിലെ പ്രൊഫസർ ആർ. വെങ്കട്ടറാവു ഗവർണറുടെ തസ്തികയെക്കുറിച്ച്‌ പറഞ്ഞതിങ്ങനെ: ‘പ്രവർത്തിക്കാതിരിക്കുമ്പോൾ ഉപയോഗശൂന്യം, പ്രവർത്തിച്ചാലോ അപകടകരം.’ സമീപകാലത്ത്‌ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്ക്‌ സംഭവിച്ച തകർച്ച ഉത്‌കണ്ഠ ഉളവാക്കുന്നതാണ്‌. പലയിടങ്ങളിൽ പലസമയങ്ങളിൽ, പല രീതികളിൽ ഈ തകർച്ചയുടെ സൂചനകൾ മറനീക്കി പുറത്തുവരുകയാണ്‌. ഈ അവസ്ഥ നിർഭാഗ്യകരമാണ്‌. 

To advertise here,

സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ ലേഖകൻ