നിത്യജീവിതത്തിന്റെ എല്ലാ കോണുകളിലും ഇന്റർനെറ്റ് ശക്തമായ സാന്നിധ്യമുറപ്പിച്ച പുതിയ കാലത്ത് അതിവേഗത്തിലുള്ള േഡറ്റാ കൈമാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതിവേഗം മാത്രമല്ല കണ്ണിമ ചിമ്മിത്തുറക്കുന്നതിന്റെ നാനൂറിരട്ടി വേഗത്തിൽ പ്രതികരിക്കാനുള്ള ശേഷിയുമുണ്ട് 5ജിക്ക്. സ്മാർട്ട്‌ഫോണും കടന്ന് നിത്യജീവിതത്തിന്റെ എല്ലാ മേഖലകളിലും നെറ്റ്‌വർക്കുകൾ ശക്തമായ സാന്നിധ്യമുറപ്പിച്ച പുതിയ കാലത്ത് വലിയ സാധ്യതകളാണ് അത് തുറന്നിടുന്നത്. ആ സ്വപ്നത്തിലേക്ക് നടന്നുകയറാൻ മഞ്ഞും മഴയും മരങ്ങളും കെട്ടിടങ്ങളും വകവെക്കാതെ സെക്കൻഡിൽ ജിഗാബൈറ്റ് വേഗത്തിൽ അഞ്ചാം തലമുറ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള തീവ്ര പരീക്ഷണങ്ങളിലാണ് രാജ്യങ്ങൾ.സെൽഫോൺ എന്നാൽ, ഫോൺവിളികളും എസ്.എം. എസുമായിരുന്ന കാലത്തുനിന്ന്‌ നമ്മൾ ഇന്ത്യക്കാർക്ക് 2ജി വഴി 3ജിയിലെത്താനുള്ള ദൂരം അല്പം ദീർഘമായിരുന്നു. മൊബൈൽ ഇന്റർനെറ്റ് പ്രചാരത്തിലായിത്തുടങ്ങിയത് 3ജി കാലത്താണ്. പിന്നാലെയെത്തിയ 4ജി സമ്മാനിച്ചത് സ്ട്രീമിങ് വീഡിയോ വിപ്ലവവും ആപ്പുകളുടെ പുതിയ ലോകവുമാണ്. ഇന്റർനെറ്റിന്റെ അപാരസാധ്യതകൾ പരിചയപ്പെടുത്തിത്തുടങ്ങിയ 4ജി കാലത്ത്  അതുവരെ പ്രചാരത്തിലില്ലായിരുന്ന ഓൺലൈൻ ഗെയിമുകളും വെർച്വർ സ്റ്റഡി റൂമുകളുമൊക്കെ നമ്മൾ പരിചയപ്പെട്ടു. സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റിന് വേഗം കുറഞ്ഞാൽ പല കാരണങ്ങളാലാണ് നമ്മൾ ആകുലപ്പെടുന്നത്. കണക്ടിവിറ്റി നമ്മുടെ ജീവിതശൈലിയെ മാറ്റിയ ഈ കാലത്തേക്കാണ് അതിവേഗത്തിലുള്ള േഡറ്റ കൈമാറ്റം വാഗ്ദാനം ചെയ്ത് അഞ്ചാം തലമുറ ഇന്റർനെറ്റ് കടന്നുവരുന്നത്.

 എല്ലാം നിമിഷവേഗത്തിൽ

To advertise here,

4ജിെയക്കാൾ 20 മുതൽ 100 ഇരട്ടി വേഗം. നിലവിൽ ഏറ്റവും വേഗമുള്ള 4ജി എൽ.ടി.ഇ. സേവനങ്ങൾ നമ്മൾക്ക്  സെക്കൻഡിൽ 67 എം.ബി. ഡൗൺലോഡ് വേഗമാണ് തരുന്നതെങ്കിൽ (ചില രാജ്യങ്ങളിൽ 25mbps വരെ) 5ജിയിൽ ഇന്റർനെറ്റിന് സെക്കൻഡിൽ ഒരു ജിബി മുതൽ രണ്ട് ജിബി വരെ വേഗമുണ്ടാകും. 3ജി കാലത്തിന്റെ തുടക്കത്തിൽ ഒരു സാധാരണ സിനിമ ഡൗൺലോഡ് ചെയ്യാൻ 26 മണിക്കൂർ വരെ കാത്തിരുന്നുവെങ്കിൽ 4ജിക്കാലത്ത് അതേ ഫയൽ ഡൗൺലോഡ് ചെയ്യാൻ വേണ്ട സമയം ആറുമിനിറ്റായി കുറഞ്ഞു. എന്നാൽ, 5ജിയിലെത്തുമ്പോൾ ആ സിനിമ 3.6 സെക്കൻഡിനുള്ളിൽ കൈയിലെത്തും.

വേഗം മാത്രമല്ല ഇന്റർനെറ്റിന്റെ ശക്തി, അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം അനിവാര്യമായ (INTERACTION) പുതുതലമുറ ഇന്റർനെറ്റിന് പ്രതികരിക്കാനെടുക്കുന്ന സമയവും പ്രധാനമാണ്. നെറ്റിൽ ഒരു നിർദേശം കൊടുക്കുന്നതിനും പ്രതികരണമുണ്ടാകുന്നതിനും ഇടയ്ക്കുള്ള സമയമാണ്  ലേറ്റൻസി (Latency- ഒരു വീഡിയോയിൽ ക്ലിക്ക് ചെയ്യുന്നതിനും അത് പ്ലേ ചെയ്തുതുടങ്ങുന്നതിനും ഇടയ്ക്കുള്ള സമയം). 4ജിയിൽ 45മില്ലി സെക്കൻഡാണ് ലേറ്റൻസിയെങ്കിൽ 5ജിയിൽ ഒരു മില്ലി സെക്കൻഡാണ്. നിലവിൽ പരീക്ഷിച്ച് വിജയിച്ച സന്ദർഭങ്ങളിലെ കണക്കുകളുപയോഗിച്ച് പറഞ്ഞാൽ  5ജി ഇന്റർനെറ്റ് സെക്കൻഡിന്റെ ആയിരത്തിലൊരംശം സമയം കൊണ്ട് പ്രതികരിച്ചു തുടങ്ങും.

കൂടിയ വേഗവും കുറഞ്ഞ ലേറ്റൻസിയും ഒത്തിണങ്ങിയതോടെയാണ്  ആശയവിനിമയ വിനോദ ഉപാധി എന്നതിനപ്പുറം നിത്യജീവിതത്തെ സ്വാധീനിക്കുന്ന ശക്തിയായി 5ജി വളരുമെന്ന് കണക്കാക്കുന്നത്.  വിദൂര നിയന്ത്രിത ശസ്ത്രക്രിയ വിജയകരമായി നടപ്പിൽ വരുത്തി ആരോഗ്യരംഗത്തും ഡ്രൈവറില്ലാ കാറുകളടങ്ങുന്ന ഗതാഗതരംഗത്തും വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, ബയോടെക്‌നോളജി മുതൽ ഓൺലൈൻ ഗെയിമിങ് വരെ സമസ്ത മേഖലകളിലും ഈ സവിശേഷത വിപ്ലവം സൃഷ്ടിക്കും. 5ജിക്കാലത്ത് സ്മാർട്ട്‌ഫോൺ ആശയവിനിമയത്തിനും വിനോദത്തിനും അപ്പുറം പലതുമാകും.  അവസരങ്ങൾ വിപുലമാകുന്നതോടെ കോടിക്കണക്കിന് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും സാധാരണ ജീവിതത്തിൽ വരെ അത് വിപ്ലവം സൃഷ്ടിക്കുമെന്നുമാണ് കരുതുന്നത്. എന്നാൽ,  ഇവയെല്ലാം 5ജി എങ്ങനെ നടപ്പിൽ വരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

 സ്മാർട്ട്‌ ഫോണിനും അപ്പുറത്ത്

കഴിഞ്ഞ ഡിസംബറിലാണ് ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം ദക്ഷിണ കൊറിയ തുടങ്ങിയത്. കാറിലെ സെൻസറുകളും ട്രാഫിക് സിഗ്‌നലുകളും സ്റ്റിയറിങ് അടക്കമുള്ള നിയന്ത്രണസംവിധാനങ്ങളും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചാണ് ഡ്രൈവറില്ലാ കാറുകളുടെ പ്രവർത്തനം. ഇവയ്ക്കിടയിൽ വേഗമുള്ള, ഒട്ടും താമസം വരാതെ കൃത്യമായുമുള്ള ആശയവിനിമയം അത്യാവശ്യമാണ്. കുറഞ്ഞ ലേറ്റൻസിയും കൂടിയ വേഗവും നല്ല ബാൻഡ്‌ വിഡ്ത്തുമുള്ള 5ജി നെറ്റ്‌വർക്ക് അപകടത്തിൽപ്പെടാതെയുള്ള കാറിന്റെ യാത്രയ്ക്ക് എല്ലാ സാങ്കേതികപിന്തുണയും നൽകി. പാവ മനുഷ്യരും ട്രാഫിക് ജങ്ഷനുകളുമൊക്കെയുള്ള ടെസ്റ്റ് ഫീൽഡിൽ പരീക്ഷണം പുരോഗമിക്കുകയാണ്.

ഒരു പടികൂടി കടന്ന് 5ജി ഉപയോഗിച്ച് റിമോട്ട് സർജറി സാധ്യമാക്കിയാണ് ചൈന ചരിത്രത്തിന്റെ ഭാഗമായത്. യന്ത്രക്കൈകളും റോബോട്ടുകളെയും ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ സാധാരണയാണ് ഇന്ന്. എന്നാൽ, മൂവായിരം കിലോമീറ്റർ അപ്പുറത്തുനിന്ന്‌ ലിങ് സിപി എന്ന ഡോക്ടർ  5ജി നെറ്റ്‌വർക്ക് ഉപയോഗിച്ച് ബെയ്ജിങ്ങിലെ പി.എൽ.എ. ആശുപത്രിയിലുള്ള പാർക്കിങ്‌സൺ രോഗിയുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി. രോഗിയുടെ തലച്ചോറിൽ ബ്രെയിൻ പേസ്‌മേക്കർ സ്ഥാപിച്ച ശസ്ത്രക്രിയ വിജയമായിരുന്നു. കഴിഞ്ഞവർഷം അമ്പത് കിലോമീറ്റർ ദൂരെനിന്നും ഒരു പന്നിയുടെ കരൾ ശസ്ത്രക്രിയ നടത്തി അവർ പരീക്ഷണം വിജയിച്ചിരുന്നു. ശസ്ത്രക്രിയ നടക്കുന്ന തിയേറ്ററിൽനിന്ന്‌ വ്യക്തമായ ഹൈഡെഫനിഷൻ ചിത്രങ്ങൾ ഡോക്ടറുടെ മുന്നിലെത്തുകയും അതിനൊപ്പം അദ്ദേഹത്തിന്റെ മുന്നിലുള്ള റോബോട്ടിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും വേണം. ആ ഉപകരണങ്ങളുടെ ചലനങ്ങൾ ഒട്ടും താമസമില്ലാതെ തിയേറ്ററിലെ റോബോട്ടിക് കൈകൾ കണക്കുകളൊന്നും തെറ്റാതെ അനുകരിക്കുകയും വേണം.  ചൈനീസ് മൊബൈൽ വിദഗ്ധരായ വാവേയും ചൈന മൊബൈലുമാണ് അതിന് സാങ്കേതിക സഹായം നൽകിയത്.

ഇന്റർനെറ്റ് 4ജി കാലത്തു തന്നെ സ്മാർട്ട്‌ഫോണിനപ്പുറം പല മേഖലകളിലും നമ്മെ സ്വാധീനിച്ച് തുടങ്ങിയിരുന്നു. വീട്ടിലില്ലാതെ തന്നെ മൊബൈൽ ഫോണിലെ ആപ്പുവഴി അവിടത്തെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഹോംഓട്ടോമേഷൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്‌ ഫോണിൽ നിയന്ത്രിക്കാവുന്ന എയർ കണ്ടീഷൻ ഇന്ന് സാധാരണമാണ്. കാറിലെത്തും മുമ്പ് ആപ്പുപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് എ.സി. ഓൺചെയ്ത് യാത്രയ്ക്ക് സജ്ജമാക്കുന്ന സംവിധാനം താഴേ തട്ടിലുള്ള കാറുകളിൽ പ്പോലും എത്തിയിരിക്കുന്നു. അവയുടെ പ്രചാരണവാക്യത്തിൽ പോലും കണക്ടിവിറ്റിയും ഇന്റർനെറ്റുമൊക്കെ ഇടം പിടിച്ചിട്ടുണ്ട്. സ്മാർട്ട്‌ വാച്ചുകളും മറ്റ് വെയറബിൾ ഗാഡ്ജറ്റുമടങ്ങുന്ന ഇന്റർനെറ്റിനെ നിത്യജീവിതവുമായി കൂട്ടിക്കെട്ടുന്ന വലിയൊരു ലോകമുണ്ട് നമുക്ക് ചുറ്റും. ഐ.ഒ.ടി. അഥവാ ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയിലും 5ജി വലിയ വിപ്ലവമാണ് കൊണ്ടുവരുക. ഒരുപക്ഷേ, 5ജി നിത്യജീവിതത്തിൽ ആദ്യം പ്രതിഫലിക്കുക ഈ മേഖലയുടെ വികാസത്തോടെയാവും.ട്രാഫിക് നിയന്ത്രണംമുതൽ കൃഷിയിടങ്ങളിലെ നിയന്ത്രണസംവിധാനങ്ങൾവരെ ഐ.ഒ.ടി.യുടെ പരിധിയിൽ വരും. ട്രാഫിക് നിയന്ത്രണം ഇപ്പോൾത്തന്നെ പലയിടത്തും ‘കംപ്യൂട്ടറൈസ്ഡ്’ ആണ്. നഗരത്തിലെ റോഡുകളിലുള്ള വാഹനങ്ങളുടെ തിരക്ക് അളന്ന് തിട്ടപ്പെടുത്തി  വിവിധ സ്ഥലങ്ങളിലെ സിഗ്‌നലുകൾ ഏകോപിപ്പിച്ച്   പ്രവർത്തിപ്പിച്ചാൽ ട്രാഫിക് സുഗമമാക്കാം. വിവിധ സ്ഥലങ്ങളിൽ ഘടിപ്പിച്ച സെൻസറുകളും നിയന്ത്രണ സംവിധാനങ്ങളും സിഗ്‌നൽ ലൈറ്റുകളും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കാൻ 5ജിക്ക് കഴിയും. സെൻസറുകൾ വാഴുന്ന കാലമാണ് 5ജി ഇന്റർനെറ്റിന്റെ കാലം.

 വെല്ലുവിളികൾ എന്തൊക്കെ

ഡയൽ അപ് ഇന്റർനെറ്റ് കണക്‌ഷനുകൾ ഉപയോഗിച്ച ഓർമയുള്ളവർക്ക് 5ജി-യുടെ ശക്തി വലിയ അദ്‌ഭുതമാകും സമ്മാനിക്കുക. അതിശയോക്തി കലർത്തിപ്പറഞ്ഞാൽ ടൈപ്പ് റൈറ്ററും കംപ്യൂട്ടറും തമ്മിലുള്ള വ്യത്യാസം. അതുതന്നെയാണ് ഒരു സാങ്കേതികവിദ്യാ വികസനം എന്നതിലപ്പുറം 5 ജിക്ക് പ്രാധാന്യം നൽകുന്നത്. ലോകശക്തികൾ തമ്മിലുള്ള മത്സരത്തിലേക്ക് കാര്യങ്ങളെത്തിച്ചതും അതു തന്നെയാണ്.

11 വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് അമേരിക്കയും ദക്ഷിണ കൊറിയയും ലോകത്ത് ആദ്യമായി 5ജി സേവനം തുടങ്ങിയത്. മിനിയപ്പോളിസിലും ഷിക്കാഗോയിലും അമേരിക്ക 5ജിക്ക് തുടക്കം കുറിക്കാൻ നിൽക്കേ ഏതാനും മണിക്കൂറുകൾ മുമ്പ് ദക്ഷിണ കൊറിയ ആറ് സെലിബ്രിറ്റികൾക്ക് 5ജി സേവനം നൽകി ചരിത്രമെഴുതിയത് തങ്ങളാണെന്ന് അവകാശപ്പെട്ടു. ആ തർക്കം ഇന്നും നിലനിൽക്കുന്നു. 

5ജി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ പ്രവചനങ്ങൾക്കപ്പുറം എത്രത്തോളം ആഴവും പരപ്പുമുണ്ട് അതിനെന്ന് മനസ്സിലാക്കണമെങ്കിൽ കുറച്ചുകൂടി കാത്തിരിക്കണം. വയർലെസായി വലിയ വേഗത്തിലുള്ള ഇന്റർനെറ്റ്  ലഭിക്കണമെങ്കിൽ സാങ്കേതികമായ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.  4ജി പോലും മുഴുവനായും നടപ്പാക്കിക്കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 5ജിയുടെ ഭാവി നിർണയിക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്.

നിലവിലുള്ള വേഗത്തിന്റെ നൂറിരട്ടി മടങ്ങിൽ ഇന്റർനെറ്റ് ലഭിക്കണമെങ്കിൽ ട്രാൻസ്മിറ്ററുകൾമുതൽ റേഡിയോ തരംഗങ്ങളിലും സ്മാർട്ട്‌ ഫോണുകളുൾപ്പെടെ ഉപകരണങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലുമൊക്കെ കാതലായ മാറ്റം ആവശ്യമാണ്. 5ജി പരീക്ഷണം നടക്കുന്ന രാജ്യങ്ങളിൽ റേഡിയേഷൻ ഭീതി നിലനിൽക്കുന്നു. പ്രതിധേഷം ഉയർന്നതോടെ പല സ്ഥലങ്ങളിലും പരീക്ഷണം നിർത്തിവെച്ചു. അതിനിടെയാണ് 5ജി അടിസ്ഥാന വികസനത്തിൽ ബഹുദൂരം മുന്നിൽ പോയ ചൈനീസ് ഐ.ടി. ഭീമൻ വാവേക്കുമേൽ അമേരിക്കൻ ഉപരോധം വരുന്നത്. വാവേ വിവാദമായതോടെ സൈബർ സുരക്ഷയും ചർച്ചാ വിഷയമായി. 5ജിക്ക് ചുറ്റും പലതരം ഭീതി പടരുന്നുണ്ട്. 
(തുടരും)

ഇന്ത്യയിൽ എപ്പോൾ?

2017-ലാണ് ഇന്ത്യയിൽ 5ജി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ആ വർഷംതന്നെ 2020-ൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 5ജി സ്ട്രാറ്റജിയും പുറത്തിറക്കി. വിശദ പഠനത്തിനായി എ.ജെ. പോൾരാജിന്റെ നേതൃത്വത്തിൽ ഒമ്പതംഗ 5ജി സ്റ്റിയറിങ് കമ്മിറ്റിയെ നിയോഗിച്ചു. ഈ സെപ്‌റ്റംബറിൽത്തന്നെ 5ജി പരീക്ഷണം തുടങ്ങും. 2025-ഓടെ ഏഴുകോടി 5ജി കണക്‌ഷനുകൾ രാജ്യത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2035-ഓടെ 1ട്രില്യൺ ഡോളറിന്റെ സാമ്പത്തികനേട്ടവും പ്രതീക്ഷിക്കുന്നു.

2G, 3G, 4G,5G താരതമ്യം
2ജി 64 കെബിപിഎസ്
3ജി 144 കെബിപിഎസ്  2എംബിപിഎസ്
4ജി 6-7 എംബിപിഎസ് 
(മറ്റിടങ്ങളിൽ 25എംബിപിഎസ് വരെ)
5ജി 1-2 ജിബിപിഎസ്